Tuesday 21 February 2012

സര്‍പ്പം

സര്‍പ്പം

വേനല്‍ കത്തും പകലില്‍
ഇടവഴികളില്‍ പതുങ്ങിയിരിക്കും
നിഴലില്‍ മയങ്ങിക്കിടന്നും
പകല്‍മാനം
പടിഞ്ഞാറിന്റെ ചിതയില്‍
കരഞ്ഞെരിയുമ്പോള്‍
പതിയെ തലപൊക്കി
സ്വര്‍ണവര്‍ണമുടല്‍
ഈണത്തില്‍ ചുരുളഴിച്ച്
പദനിസ്വനങ്ങള്‍ക്കായ്
കാതോര്‍ത്തും
ചക്ഷുശ്രവണന്‍ കിടന്നു...

വിരാമമില്ലാത്ത ഭോഗത്വരയില്‍
മറുപാതിയുടെ മാളം തേടി
യാത്ര തുടങ്ങുംമുന്‍പേ
കരിയിലയനക്കത്തിന്റെ
കിരുകിരുക്കത്തില്‍ അവനറിഞ്ഞു
കാലാതിശായിയായ മൃത്യു
കീരിയുടെ കിരാതരൂപത്തില്‍
അവനെ മണത്തറിഞ്ഞുവെന്ന് ...

അവസാന അങ്കത്തിന്
കാത്തുവെച്ച കാളകൂടം
പല്ലില്‍ കൊരുത്ത്
ജന്മശത്രുവിന്റെ മര്‍മം
ഇരുട്ടില്‍ കേട്ടറിയുവാന്‍
വരം തന്ന വാസുകിയെ
മനസ്സില്‍ സ്മരിച്ച്
അവന്‍ സര്‍പ്പസ്ഥനായി...

No comments:

Post a Comment

Say something to me