Tuesday 28 February 2012

അവിരാമം

അവിരാമം

നരച്ച മേഘങ്ങള്‍ക്ക് കീഴെ
പടര്‍ന്നുപന്തലിച്ച മാവിനും കീഴെ
പായല്‍ പൊതിഞ്ഞ കുളപ്പടവില്‍
ഉന്മാദിനി വെറുതെയിരുന്നു...

മാഞ്ചില്ലകളുടെ ഇളകിയാട്ടത്തില്‍
തെന്നിമാറുന്ന നിഴലും വെയിലും
ഉന്മാദിനിയുടെ ചിന്തകളില്‍
ആനമയിലൊട്ടകം കളിച്ചു...

ആമ്പല്‍ത്തണ്ടുകള്‍ക്ക് താഴെ
മാനത്തുകണ്ണികളുടെ മിന്നലാട്ടം
തെളിനീരിളക്കത്തില്‍
ആയിരം താരകങ്ങളായി...

ഭൂതകാലത്തിന്റെ തോടുനീക്കി
നിശബ്ദതയുടെ നിലയ്ക്കാത്ത മുഴക്കം
ഉന്മാദിനിയുടെ കര്‍ണങ്ങളില്‍
ഭ്രമരങ്ങളുടെ മുരള്‍ച്ചയായ് നിറഞ്ഞു...

മദമൊഴിഞ്ഞ നിരാസക്തി
പെയ്തൊഴിഞ്ഞ മഴപോലെ
ഉന്മാദിനിയുടെ കോശങ്ങളില്‍
ഊഷരാഗ്നിയായ് പടര്‍ന്നു...

മാവും കുളവും കുളപ്പടവും
കുളക്കടവിലെ മന്ദാരവും
മന്ദാരച്ചോട്ടിലെ സര്‍പ്പശിലയും
ഉന്മാദിനിയുടെ സിരകളില്‍ വിതച്ചത്
നീരോട്ടമില്ലാത്ത നീറലുകളുടെ
പൊള്ളുന്ന വിത്തുകള്‍ ...

പിന്നീട് , സന്ധ്യയുടെ പൊട്ടുകള്‍
ഉതിരുന്ന മാമ്പൂക്കള്‍ക്കൊപ്പം
കുളപ്പടവില്‍ വീണപ്പോള്‍
ഉന്മാദിനി നിദ്രയില്ലാത്ത നിശയുടെ
നിലവറയിലേക്ക് നടന്നു...

No comments:

Post a Comment

Say something to me