Tuesday 21 February 2012

ഫ്രെയിം

ഫ്രെയിം

വീട്ടുകാരെല്ലാം കാത്തുകാത്തിരുന്നു
ഒരു മാര്‍ച്ചുമാസത്തിലെ പൂരംനാളില്‍ 
കൊച്ചുബംഗ്ലാവില്‍ കുഞ്ഞനിയച്ചന്‍
ഒരു ഫ്രെയ്മിനുള്ളില്‍ ഭൂജാതനായി...

കൈവളരുന്നോ കാല്‍വളരുന്നോ
എന്നുനോക്കാന്‍ ആളെപ്പോഴും റെഡി...
നല്ല ഭക്ഷണം കഴിച്ചും നന്നായി പഠിച്ചും
ഫ്രെയ്മിനുള്ളില്‍ കുഞ്ഞനിയച്ചന്‍
മിടുക്കനായി വളര്‍ന്നു...

കാലംചെല്ലെ ബാങ്കില്‍ ജോലികിട്ടിയ
കുഞ്ഞനിയച്ചന്‍ അപ്പന്‍ കണ്ടുപിടിച്ച
ദിവ്യയെ ആയിരംപേരെ സാക്ഷിനിര്‍ത്തി
ബസിലിക്ക പള്ളിയില്‍വെച്ചു കെട്ടി
എല്ലാവര്‍ക്കും കായിക്കയുടെ ബിരിയാണിയും
ലാസ ഐസ് ക്രീമും കൊടുത്തു...

ആ ദാമ്പത്യവല്ലരിയുടെ ഫ്രെയ്മിനുള്ളില്‍
ടിനുവും ടിന്റുവും ഇരട്ടയായി വിരിഞ്ഞു
ഗള്‍ഫില്‍ നിന്ന് വന്ന ജോളിയളിയന്‍
ആ ഫ്രെയ്മിലേക്ക് ഒരു സ്കോച്ചംബെയ്തു...

അങ്ങിനെയങ്ങിനെ ടിനു സോഫ്റ്റ്‌വേര്‍ പഠിച്ചും
ടിന്റു മെഡിസിന്‍ പഠിച്ചും യുഎസിലേക്ക് പോയി
കുഞ്ഞനിയച്ചന്‍ തന്റെ ഫ്രെയ്മിനുള്ളിലിരുന്ന്
മാസാമാസം മണിട്രാന്‍സ്ഫര്‍ വഴിവന്ന പണം
അളിയന്മാര്‍ക്ക് പലിശയ്ക്കുകൊടുത്ത്
കുടുംബസ്വത്ത് ഇരട്ടിപ്പിച്ചു...

ഇപ്പോള്‍ കുഞ്ഞനിയച്ചന്‍ തന്റെ
ആറടി റിയല്‍എസ്റ്റേറ്റ്‌ മുറിയുടെ
തണുത്ത ഫ്രെയ്മിനുള്ളില്‍
തങ്കലിപികളില്‍ തന്റെ പേരെഴുതിയ
മാര്‍ബിള്‍ഫലകം നെഞ്ചില്‍താങ്ങി
സുഖമായുറങ്ങുകയാണ്...

ഫ്രെയിമിന് പുറത്ത് ലോകം സജീവമാണ്...

No comments:

Post a Comment

Say something to me