Monday 27 February 2012

ഉന്മാദം

പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ
മായികവലയം ഒരു മായക്കാഴ്ചയായ്
മാനത്ത് തെളിഞ്ഞപ്പോള്‍
ഉന്മാദം ഒരു നിശാഗന്ധിയായ്
അവളുടെയുള്ളിലും വിരിഞ്ഞു...

ശ്വാസംമുട്ടിക്കുന്ന കുടുസ്സുമുറിയുടെ
ദ്രവിച്ച ജാലകങ്ങള്‍ തുറന്ന്
രാവിന്റെ മദഗന്ധം മുറിയിലേക്കാവഹിച്ചു
ഉന്മാദിനി ഒരു സ്വപ്നത്തില്‍ നീന്തി...

ചാന്ദ്രപരിവൃത്തത്തില്‍ നിന്ന്
ഉഷ്ണഗന്ധകം പുകയും ഉടലുമായി
വികാരഭരിതന്‍ ഒരു ഗന്ധര്‍വന്‍
ധൂമരൂപിയായ് അവളിലേക്കാഴ് ന്നു...

പുറംകാഴ്ചകളൊക്കെയും ഉള്‍ക്കാഴ്ചകളായും
ഉള്‍ക്കാഴ്ചകള്‍ സഹസ്രാരപദ്മത്തില്‍
സംക്രമിക്കുന്ന പ്രവാഹമായും
വിഷംതീണ്ടിയ മുഹൂര്‍ത്തത്തില്‍
ചന്ദ്രന്‍ ഗ്രഹണപരിരംഭണം ഭേദിച്ചു...

അത്ഭുതം, ഉന്മാദിനിയില്‍ ഗന്ധര്‍വന്‍
നനഞ്ഞ ഒരോര്‍മമാത്രമായും ഭവിച്ചു.


No comments:

Post a Comment

Say something to me