Tuesday 21 February 2012


പ്രൈമല്‍ ഫിയര്‍

ഒരിക്കലും മറക്കില്ല, പറമ്പിക്കുളത്തെ ആനപ്പാടി റെസ്റ്റ്ഹൌസിലെ ആ രാത്രി. പ്രൈമല്‍ ഫിയര്‍ അഥവാ ആദിമഭീതി എന്താണെന്ന് തൊട്ടറിഞ്ഞ രാത്രി. ചെറുപ്പംമുതലേ എനിക്ക് അരക്കണോഫോബിയ എന്ന രോഗമുണ്ട്‌. എട്ടുകാലികളോടുള്ള അകാരണഭയം. പ്രാചീനകാലം
തൊട്ടേ മനുഷ്യര്‍ ഈ ഭീതി അറിഞ്ഞിരുന്നു. ലോകത്തില്‍ അറുപതു ശതമാനം ആളുകള്‍ക്കും ഈ രോഗമുണ്ടെന്ന് പറയപ്പെടുന്നു. ഇത് വെറും ഭീതിയല്ല. കാലാതീതമായ ഒരു കറുത്ത വികാരമാണ് അരക്കണോഫോബിയ. ഒരിക്കല്‍ ഞാന്‍ അതറിഞ്ഞു, അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ.

പറമ്പിക്കുളം ഡാമില്‍ ഒരു മുതല ചത്തുപൊങ്ങി. വനംവകുപ്പിന്റെ സുവോളജി വിഭാഗം തലവനും ഡേരാഡൂണ്‍കാരനുമായ ഉണിയാല്‍ ആ മുതലയുടെ തല മുറിച്ചെടുത്ത് കുഴിച്ചിട്ടു, അഴുകിക്കഴിയുമ്പോള്‍ തലയോട് ക്ലീന്‍ചെയ്ത് ഫോറസ്റ്റ് മ്യുസിയത്തില്‍ വെക്കുവാന്‍ . ആ തല കുഴിച്ചെടുക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു ആനപ്പാടിയില്‍ . "സ്റ്റോപ്പ്‌", പെട്ടെന്ന് ഉണിയാല്‍ ഒരലര്‍ച്ച. "സ്റ്റേ എവേ". ഞാന്‍ നോക്കുമ്പോള്‍ കുഴിച്ചെടുത്ത തലയോടിനുള്ളില്‍നിന്നും ഇറങ്ങിവരുന്നു ഉറാംപുലി എന്നറിയപ്പെടുന്ന ഇന്ത്യന്‍ തരാന്റുല സ്പൈഡര്‍ . നോക്കിനില്‍ക്കെ അത് കുറ്റിക്കാട്ടിലേക്കൊടിപ്പോയി. കടിച്ചാല്‍ ജന്മം പാഴാണ്. കടുത്ത വിഷമുള്ള ഇനം.

അന്നുരാത്രി മൂന്ന് പെഗ് റമ്മിന്റെ പുറത്ത് ഞാന്‍ ആനപ്പാടി റെസ്റ്റ് ഹൌസിന് മുന്നിലെ വരാന്തയില്‍ ഒറ്റക്കിരിക്കുകയായിരുന്നു. ഒരു നാല്‍പ്പത്‌ വാട്ട് ബള്‍ബിന്റെ വെട്ടം മാത്രം. സ്വപ്നത്തിലെന്നപോലെ ഞാന്‍ കണ്ടു, ഓടിപ്പോയ ഉറാംപുലി എന്റെ കാലിന് തൊട്ടരികില്‍ തറയില്‍ ചുരമാന്തിയിരിക്കുന്നു. എന്റെ നട്ടെല്ലിലൂടെ ഒരു തണുത്ത കാറ്റ് പുളഞ്ഞുകയറി. ശരീരമാസകലം എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. മദ്യം ആവിയായി എന്റെ നെറുകയിലൂടെ പൊങ്ങി. അത്രയ്ക്ക് ഭീകരമായിരുന്നു അവന്റെ രൂപം. രോമാവൃതമായ കാലുകള്‍ ചലിപ്പിച്ച് ആയിരം നേത്രപടലങ്ങളിലൂടെ അവന്‍ എന്നെയും കാണുകയായിരുന്നു.എണ്ണമറ്റ ജന്മങ്ങളിലെ ആദിമഭീതിയുടെ നഖങ്ങള്‍ എന്നെ പൊതിഞ്ഞു. എത്ര സമയം കഴിഞ്ഞെന്നറിഞ്ഞില്ല, വാച്ചര്‍ വാസു വന്നുവിളിച്ചപ്പോളാണ് എനിക്ക് സമനില വീണ്ടുകിട്ടിയത്. ഞാന്‍ ചുറ്റും നോക്കി. അവന്‍ എങ്ങോട്ടുപോയെന്ന് ഞാന്‍ കണ്ടില്ല..


No comments:

Post a Comment

Say something to me