Tuesday 21 February 2012


മൃതം

നീല നിയോണ്‍ വെളിച്ചം അന്തിച്ചുവപ്പിനെ പുണര്‍ന്ന്
വാംപയറുകള്‍ക്ക് പ്രിയങ്കരമായ വയലറ്റ് ച്ഛവിയിലമരുമ്പോള്‍
എന്റെ കട്ട്ഗ്ലാസ്സില്‍ സിംഗിള്‍മാള്‍ട്ടിന്റെ മഞ്ഞയ്ക്കുമേല്‍
സുതാര്യമായ ഐസ് ക്യുബുകള്‍ തണുത്ത ചുണ്ടുകള്‍കൊണ്ട്
പരസ്പരം അലിയിക്കുന്നു...

ഭിത്തിയില്‍ വിവസ്ത്രയായ നടാഷാ കിന്‍സ്കി
പീതചതുരങ്ങളാല്‍ അലംകൃതനായ അനകോണ്ടയെ
വക്ഷോജങ്ങളമര്‍ത്തി റേപ്പ് ചെയ്യുന്നു...

മുറിയില്‍ ജോണ്‍ ലെന്നന്‍ പാടുന്നു
ഇമാജിന്‍ , രാജ്യങ്ങളില്ലാത്ത നിയമങ്ങളില്ലാത്ത
അപാരസ്വാതന്ത്ര്യത്തിന്റെ ഉന്മാദകാന്തിയെക്കുറിച്ച്...

എന്റെ ഓര്‍മകളില്‍
സ്വപ്നങ്ങളുറങ്ങിയ കണ്ണുകളിലെ
മുഖപടം ചാര്‍ത്തിയ സങ്കടം മാത്രം
ഇടമുറിയാതെ പൊഴിയുന്ന ഗുല്‍മോഹറിന്റെ ചുവപ്പും
ഒന്നൊന്നായടരുന്ന ബോഗൈന്‍വില്ലയുടെ വെളുപ്പും
ഇടകലരുന്ന പാതയുടെ മോസൈക്കില്‍
കാത്തിരിപ്പുകളെ നെടുവീര്‍പ്പുകളായി മാറ്റുന്ന
നിസംഗതയുടെ രാസവിദ്യ...

മടുപ്പിന്റെ മേശയ്ക്കുമേല്‍ ആംബര്‍ദ്രാവകത്തില്‍
പ്രതിഫലിക്കുന്നത് , ആസന്നമൃത്യുവിനെ
ചുംബിക്കാനായുന്ന ഓറഞ്ചിന്റെ വലിയ വൃത്തം...
സ്വസ് തി...


No comments:

Post a Comment

Say something to me