Tuesday 21 February 2012

ഒരു ഡിസംബര്‍ സ്മരണ

ഒരു ഡിസംബര്‍ സ്മരണ

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഡിസംബറില്‍ അന്നത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വാര്‍ഡന്‍ (പിന്നീട് എസിഎഫ് ആയി) ജെയിംസ്‌ സഖറിയാസ് പാര്‍ക്കിന്റെ ഒരു സ്കെച് വരക്കാന്‍ എന്നെ നിയോഗിച്ചു. വാഗവര ഫോറസ്റ്റ് ഔട്ട്‌ പോസ്റ്റില്‍ നാല് ദിവസം ഒറ്റയ്ക്ക് താമസിച്ചായിരുന്നു വര. സമീപത്തെങ്ങും ആള്‍ താമസമില്ല. ഒരു കിലോമീറ്റര്‍ അകലെ തോട്ടം തൊഴിലാളികളുടെ ലായം ഉണ്ട്. (മൂന്നാര്‍ - മറയൂര്‍ റൂട്ടിലാണ് വാഗവര). പകല്‍ സ്കെച് വര, രാത്രി കൊടും തണുപ്പാണ്. പുതച്ചുമൂടി ജെയിംസിന്റെ മിലിട്ടറി റം നുണഞ്ഞ് ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിക്കും. അതാണ് പതിവ്...സുഖകരമായ ഏകാന്തത.

മൂന്നാം ദിവസം പാതിരാത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യം മുകളില്‍ നിന്ന് ഒരു ഞരക്കമാണ് കേട്ടത്. പിന്നീടതൊരു മുരള്‍ച്ചയായ് മാറി. കൂരിരുട്ടാണ്. ഞാന്‍ രണ്ടു കമ്പിളി പുതച്ചിട്ടുണ്ട്. മൂന്ന് മുറി ഷെഡില്‍ ഏതു മുറിയാണെന്നറിയില്ല, ശബ്ദം മുകളില്‍ നിന്നാണ്. പുള്ളിപ്പുലി ഇടക്ക് സന്ദര്‍ശിക്കാറുള്ള സ്ഥലമാന്നെന്നറിയാം. അടിച്ച നാല് പെഗ് റം പെട്ടെന്നലിഞ്ഞുപോയി. ഞാന്‍ സാവധാനം കമ്പിളി മാറ്റി എഴുന്നേറ്റു. പൊടുന്നനെ മുരള്‍ച്ചയുടെ കാര്‍ക്കശ്യം കൂടി. ഒരു പഴയ ടോര്‍ച് ജെയിംസിന്റെ മേശപ്പുറത്തിരിപ്പുണ്ട്. ധൈര്യം സംഭരിച്ച് കൈനീട്ടി ടോര്‍ച്ചെടുത്ത് ശബ്ദം കേട്ടയിടംനോക്കി തെളിച്ചു...ഒരിക്കലും മറക്കില്ല ഞാന്‍, ആ കാഴ്ച.

സ്വര്‍ണവര്‍ണത്തില്‍ കറുപ്പ് പുളളികള്‍ . പച്ചനിറത്തില്‍ വെട്ടിത്തിളങ്ങുന്ന ആകാംക്ഷനിറഞ്ഞ കണ്ണുകള്‍ . ഒരു വലിയ പൂച്ചയുടെ വലുപ്പം. മുറിയുടെ ഭിത്തിക്കും മേല്‍കൂരക്കും ഇടയില്‍ പതുങ്ങിയിരുന്ന് എന്നെ നോക്കുകയാണ്. ആദ്യമായും അവസാനമായും അവന്റെ തട്ടകത്ത് വെച്ചുതന്നെ ഞാന്‍ അവനെ കണ്ടു. മാര്‍ബിള്‍ കാറ്റ് എന്നറിയപ്പെടുന്ന ഇരവികുളം കാട്ടുപൂച്ച. ഏതാനും നിമിഷങ്ങള്‍ , അതോ മിനിട്ടുകളോ, ഞാനും അവനും നിശ്ചലരായി പരസ്പരം നോക്കി. പിന്നെ മിന്നല്‍പോലെ നിശബ്ദനായി അവന്‍ അപ്രത്യക്ഷനായി. പിന്നെ ഞാന്‍ ഉറങ്ങിയില്ല. ഒരിക്കല്‍ക്കൂടി അവന്‍ വന്നാലോ..കണ്ടു കൊതി തീര്‍ന്നില്ല...(കൊടുത്തിരിക്കുന്ന ചിത്രം നെറ്റില്‍ നിന്നും കിട്ടിയതാണ്)

No comments:

Post a Comment

Say something to me