Tuesday 21 February 2012

ഗഗറിയ

ഗഗറിയ

കഠിനവും അതീവദുഷ്കരവുമാണ് ഹേമകുണ്ടിലേക്കുള്ള യാത്ര. അമൃതസര്‍ കഴിഞ്ഞാല്‍ സിക്ക് സമുദായത്തിന്റെ ഏറ്റവും പ്രമുഖ ആരാധനാകേന്ദ്രമാണ് ഗഡ് വാള്‍ ഹിമാലയത്തിലെ സപ്ടശ്രുംഗ് കൊടുമുടികള്‍ക്ക് നടുവില്‍ ഹേമകുണ്ട് തടാകത്തിനരികില്‍ നിലകൊള്ളുന്ന ഹേമകുണ്ട് ഗുരുദ്വാര. സമുദ്രനിരപ്പില്‍നിന്ന് പതിനേഴായിരം അടി ഉയരെ. ദുര്‍ഘടയാത്രയാണെങ്കിലും പഞാബില്‍നിന്നും ഹരിയാനയില്‍നിന്നും കുടുംബസമേതം ഹേമകുണ്ടിലെത്തുന്ന ഭക്തര്‍ ഏറെയാണ്‌. സ്ത്രീപുരുഷഭേദമില്ലാതെ വൃദ്ധരും യുവാക്കളും കുട്ടികളും ഹേമകുണ്ടിലെത്തുന്നു. വരുന്നവരില്‍ നല്ലപങ്കും സമ്പന്നരായ സിക്കുകാരാണ്. ലാന്‍ഡ്‌ ക്രുയിസര്‍ കാറുകളില്‍ ഗോവിന്ദ്‌ഘട്ടിലെത്തി അവിടെനിന്നും പതിനാറ് കിലോമീറ്റര്‍ നടന്ന് അവര്‍ തങ്ങളുടെ പത്താമത്തെ ആത്മീയഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ സന്നിധിയിലെത്തി വണങ്ങി മടങ്ങുന്നു, തീവ്രമായ ഭക്തിയോടെതന്നെ.

ഒരിക്കല്‍ പത്രപ്രവര്‍ത്തകനായ കെ.എന്‍ ഷാജിയുമൊത്ത് ഞാന്‍ ഹേമകുണ്ട് സന്ദര്‍ശിക്കുകയുണ്ടായി. ഹേമകുണ്ടിന്റെ ബേസ് ക്യാമ്പായ ഗഗറിയയിലാണ് താമസം. കഠിനമായ തണുപ്പാണ് ഗഗറിയയില്‍ . സിക്ക്ധാബയില്‍നിന്നും സൌജന്യമായി ചപ്പാത്തിയും കറിയും ചായയും കിട്ടും. ദയാലുക്കളും ധാരാളികളുമാണ് സിക്കുകാര്‍ . കൈനിറയെ വാരിക്കൊടുക്കാന്‍ അവര്‍ക്ക് തെല്ലും മടിയില്ല. വൈകിട്ട് വരിവരിയായിരുന്ന് ചപ്പാത്തി കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് ഒരു വലിയ രൂപം കടന്നുവന്നത്. ആറടിക്ക് മേല്‍ ഉയരവും ഒത്ത തടിയുമുള്ള ഒരു സിക്കുകാരന്‍ . വന്നപാടെ ഒരലര്‍ച്ചയാണ്. "വോ ഖതം ഹോനെവാല ആദ്മി കിധര്‍ ഹൈ...?" മരിച്ചയാള്‍ എവിടെ എന്നാണ് ചോദ്യം. അമ്പരപ്പോടെ എല്ലാവരും നിശബ്ദരായി വന്നയാളെ നോക്കി. വിളമ്പിക്കൊണ്ടിരുന്ന പഞാബി മുറിയുടെ ഒരു മൂലയിലേക്ക് കൈചൂണ്ടി. അവിടെക്കിടക്കുന്നു, ഒരു സിക്കുകാരന്റെ മൂടിയിട്ടിരിക്കുന്ന മൃതദേഹം. തീര്‍ഥാടനത്തിന് വന്ന് എന്തോ രോഗം ബാധിച്ച് മരിച്ച ഒരു ഹതഭാഗ്യന്‍ .

ഗഗറിയയിലെത്തി അപ്രതീക്ഷിതമായി മരിച്ചുപോകുന്നവരെ യഥാവിധി സംസ്കരിക്കുന്ന കക്ഷിയാണ് മുറിയിലേക്ക് വന്നിരിക്കുന്നയാള്‍ . അദ്ദേഹത്തിന്റെ നിര്‍ദേശ മനുസരിച്ച് രണ്ടുപേര്‍ ആദരപൂര്‍വ്വം മൃതദേഹം എടുത്തു പുറത്തേക്ക് നടന്നു. ഭക്ഷണംകഴിക്കല്‍ നിറുത്തി അമ്പരന്നിരിക്കുന്ന ഞങ്ങളെയെല്ലാം ഒന്നുനോക്കി അദ്ദേഹവും പുറത്തേക്ക് നടന്ന് വാതില്‍ക്കലെത്തി... തിരിഞ്ഞുനിന്ന് കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു...

"സത് നാം വഹെ ഗുരു...." അങ്ങയുടെ നാമമാണ് സത്യം ഗുരോ...
ഗഗറിയയില്‍ അപ്പോള്‍ മൂടല്‍മഞ്ഞ് പടര്‍ന്നിരുന്നു...

No comments:

Post a Comment

Say something to me