Tuesday 21 February 2012

ബ്രഹ്മകമലം

 ബ്രഹ്മകമലം


ബ്രഹ്മകമലത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടെയുള്ളൂ. ഒരിക്കല്‍ കയ്യില്‍ കിട്ടി. അത് ഞങ്ങള്‍ക്ക് തന്നതോ സാക്ഷാല്‍ നാരദമുനി. കഥയിങ്ങനെ. ബ്രഹ്മകമലമെന്നു പറഞ്ഞാല്‍ പര്‍വതങ്ങളില്‍ പാറകള്‍ക്കിടയില്‍ വളരുന്ന താമര. ഒരിക്കല്‍ ബദരിനാഥില്‍നിന്നും ഇന്ത്യയുടെ ഏറ്റവും വടക്കെയറ്റത്തെ ഗ്രാമമായ മാനാവഴി ഞങ്ങള്‍ വസുധാര വാട്ടര്‍ഫാള്‍സ് കാണുവാന്‍ പോയി. ഭീംഫൂല്‍ എന്ന ഭീമന്റെ പാലം പിന്നിട്ട് പണ്ട് യുധിഷ്ടിരന്‍ സ്വര്‍ഗാരോഹണത്തിനായി നടന്നുവെന്ന് പറയപ്പെടുന്ന പാതയിലൂടെ ഞങ്ങള്‍ നടന്നു. ഒരിടത്തെത്തിയപ്പോള്‍ പാതയരികിലെ ചെറിയൊരു ഗുഹയിലിരിക്കുന്നു, കാവിയുടുത്ത കുറിയൊരു സ്വാമി. നിഷ്ക്കളങ്കമായ ചിരിയോടെ സ്വാമി ഞങ്ങളെ അഭിവാദ്യം ചെയ്തു. "ആവോ ഭായിയോം..വസുധാര ജാത്തെ ഹേനാ...ഹം നാരദമുനി ഹേ..." സ്വാമി സ്വയം പരിചയപ്പെടുത്തി.നാരദന്‍ ഞങ്ങള്‍ക്ക് ടൈഗര്‍ ബിസ്കുറ്റ് തന്നു സ്വീകരിച്ചു. കുടിക്കാന്‍ നല്ല ശുദ്ധജലവും. യാത്രപറയുമ്പോള്‍ നാരദമുനി ഒരു ചോദ്യം. "ബ്രഹ്മകമല്‍ വേണോ...?" ഞങ്ങള്‍ അത്ഭുതപ്പെട്ടു..."സ്വാമിയുടെ കയ്യിലുണ്ടോ ബ്രഹ്മകമലം..."കയ്യിലില്ല...നിങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ പറിച്ചുവെക്കാം...പര്‍വതത്തിന്റെ മുകളില്‍ കയറണം. കഷ്ടപ്പാടാണ്..." നാരദന്‍ വിനീതനായി...ഞങ്ങള്‍ വസുധാരയിലേക്ക് നടന്നു.

നാനൂറ് അടി മുകളില്‍നിന്നും താഴേക്കുപതിക്കുന്ന അതിമനോഹരമായ വസുധാര ഫാള്‍സ് സന്ദര്‍ശിച്ച് ഏകദേശം നാലുമണിക്കൂറിനകം ഞങ്ങള്‍ തിരിച്ച് നാരദസന്നിധിയിലെത്തി. പറഞ്ഞതുപോലെ നാരദന്‍ ഒരു ബ്രഹ്മകമലം ഞങ്ങള്‍ക്കുതന്നു. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ ഒരു വലിയ പുഷ്പം. ഗന്ധമൊന്നുമില്ല. "ഒരുപാടു കഷ് ടപ്പെട്ടു...."പരവശനായി നാരദമുനി പറഞ്ഞു. പാവം. മലകയറി വിഷമിച്ചിട്ടുണ്ടാവും. സന്തോഷത്തോടെ ഞങ്ങള്‍ മുനിക്ക്‌ ഇരുപത്തഞ്ചു രൂപ കൊടുത്ത് യാത്രപറഞ്ഞ് പിരിഞ്ഞു. തിരിച്ചു മാനയിലെത്തി ഒരു ചെറിയ ചായക്കടയില്‍ കയറി. ചൂടുചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏകദേശം പത്തുവയസ്സുള്ള ഒരു നേപ്പാളി പെണ്‍കുട്ടി കയറിവന്ന് ഞങ്ങളോട് ചോദിച്ചു..."ആപ്കോ ബ്രഹ്മകമല്‍ ചാഹ്താ ഹേ...? അവളുടെ കയ്യില്‍ ബ്രഹ്മകമല്‍ പൂക്കളുടെ ഒരു കെട്ടുണ്ട്. പത്തെണ്ണത്തിനു അഞ്ചുരൂപയാണ് വില. സന്ദര്‍ശകര്‍ക്ക് ബ്രഹ്മകമല്‍ ശേഖരിച്ചു വില്കുകയെന്നത് അവിടത്തെ കുട്ടികളുടെ ഹോബിയാണ്...അവര്‍ രാവിലെതന്നെ പോയി ശേഖരിക്കും കെട്ടുകണക്കിന് പൂക്കള്‍ . മാനായുടെ പരിസരത്ത് ധാരാളമുണ്ട് ബ്രഹ്മകമല്‍ പുഷ്പങ്ങള്‍ ... ഏതായാലും നല്ലവനായ നാരദമുനി ഞങ്ങള്‍ക്ക് കഷ് ടപ്പെട്ടു പറിച്ചുതന്ന ബ്രഹ്മാവിന്റെ താമര കയ്യിലിരിക്കുമ്പോള്‍ വേറെ വാങ്ങേണ്ടെന്നുവെച്ച് ഞങ്ങള്‍ മാനയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞു...

No comments:

Post a Comment

Say something to me