Thursday 23 February 2012

അതീന്ദ്രിയം

ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാന്‍ ഒരു വെളുത്തവാവ് രാത്രി മാന്ത്രികകൂണ്‍ കഴിച്ചു. എന്റെ സുഹൃത്തായ ഡബു മാത്യുവാണ് കൊടൈക്കനാലില്‍നിന്നും മാജിക് മഷ്റൂം കൊണ്ടുവന്നത്. കുതിരച്ചാണകത്തില്‍ വളരുന്ന മാന്ത്രിക കൂണ്‍ . കഴുകി വൃത്തിയാക്കി പച്ചയ്ക്കും ഉണക്കിയത് മുട്ടപൊട്ടിച്ചുചേര്‍ത്ത് ഓംലറ്റ് ആക്കിയും കഴിക്കാം. ത്രിസന്ധ്യനേരത്ത് ഞങ്ങള്‍ നാലുപേര്‍ മഷ്റൂം ഓംലറ്റ് ഉണ്ടാക്കി നാലായി പകുത്തുകഴിച്ചു. സൈക്കഡലിക് അഥവാ അതീന്ദ്രിയം എന്നവാക്കിന്റെ അര്‍ഥം എന്തെന്ന് അവസാനിക്കാത്ത ആ രാത്രി ഞാന്‍ അനുഭവിച്ചറിഞ്ഞു. അവര്‍ണനീയവും അതിഭീകരവുമായിരുന്നു മഷ്റൂം ലഹരി. ഇനി ഒരിക്കലും ഞാന്‍ ആഗ്രഹിക്കാത്ത ഒരു മായികരാത്രി.

തലയ്ക്ക് കൈകൊടുത്തിരുന്നപ്പോള്‍ വിരലുകള്‍ തലയോട്ടിയിലേക്ക് ആഴ്‌ന്നിറങ്ങിയാണ് ആരംഭം. പിന്നീട് എന്റെ വിരലുകള്‍ എന്റെ തലച്ചോറില്‍ പരതാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്നവരെക്കുറിച്ചു ഞാന്‍ മറന്നുപോയിരുന്നു. എന്റെ തലയില്‍ എന്റെ വിരലുകള്‍ ആഴ്‌ന്നിറങ്ങിയ പഴുതുകളിലൂടെ ചെറിയ തലയോടുകള്‍ പുറത്തേക്ക് വരുവാന്‍ തുടങ്ങി. നീലനിറമായിരുന്നു ആ തലയോടുകള്‍ക്ക്. ദിനോസാറുകളുടെ എന്നപോലെ പോലെ പ്രാചീനമായ ഒരു മുരള്‍ച്ച എന്റെ തലയില്‍ നിറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ തലയില്‍ നിന്നും എന്റെ വിരലുകള്‍ ഊരിയെടുത്തു. ഞാന്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു എന്നെനിക്കറിയാം. ഞാന്‍ ഇരുന്നിരുന്ന സ്കൂള്‍വരാന്തയില്‍ മലര്‍ന്നു കിടന്നു.

ആകാശത്തെ അത്രയ്ക്ക് ആഴത്തില്‍ ഞാന്‍ അതിനു മുന്‍പും പിന്‍പും കണ്ടി ട്ടില്ല. പൂര്‍ണചന്ദ്രനെയും നക്ഷത്രങ്ങളെയും എനിക്ക് കൈനീട്ടി തൊടാമായിരുന്നു. പക്ഷെ അവയ്ക്കുപിന്നില്‍ എന്തോ ഒന്നുണ്ടായിരുന്നു. പൂര്‍ണമായും ഇരുണ്ടതും ഭീതിജനകവുമായ ഒന്ന്. അവിടെനിന്നാണ് ആദിമമായ ആ മുരള്‍ച്ച പുറപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. എല്ലാം ഞാന്‍ കണ്ടിരുന്നത്‌ നീലയുടെ പതിനായിരം ഷേഡുകളിലൂടെയായിരുന്നു. പിന്നെ പുറത്തേക്കുപോയ തലയോടുകള്‍ എന്റെ തലയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അവ തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ സംഭാഷണം ശ്രദ്ധിച്ച് കിടന്നു...കുതിരകള്‍ ചിനക്കുന്നത് പോലെയിരുന്നു അവയുടെ ശബ്ദം. ഞാന്‍ ഉറങ്ങിയോ...അറിയില്ല. പക്ഷെ ഉണര്‍ന്നത് മരണത്തില്‍ നിന്നും ജീവിതത്തിലേക്കാണ് . അതെനിക്കുറപ്പായിരുന്നു. താങ്ക് ഗോഡ്...

3 comments:

Say something to me