Monday 16 April 2012

അണലി

അണലി

മരതകപ്പച്ചക്കണ്ണില്‍
നിലാവിന്റെ നുറുങ്ങുകള്‍
മഞ്ഞയുടെ മായികവലയം
തീര്‍ത്തപ്പോള്‍ ...
വേട്ടക്കിറങ്ങാന്‍ സമയമായെന്ന്
അണലിയറിഞ്ഞു...

ദംശനത്തെ സംഭോഗമാക്കുന്ന
സര്‍ഗപ്രക്രിയ പിതാമഹന്മാര്‍
വസുകീസംഹിത ഉദ്ധരിച്ച്
അവനെ പഠിപ്പിച്ചിരുന്നു...

കുളപ്പടവിലും സര്‍പ്പശിലകള്‍ക്കിടയിലും
നിഴലുകളുറങ്ങുന്ന മാവിന്‍ചോട്ടിലും
എടുപ്പിന്റെ തണുപ്പാര്‍ന്ന ഇടനാഴികളിലും
ദംശനസൌഖ്യം സ്വപ്നംകണ്ട്
അണലിയലഞ്ഞു...

ഒടുവില്‍ കസവലുക്കിട്ട
ദാവണിയുടെ രൂപത്തില്‍
കൂര്‍ത്ത പല്ലുകളില്‍
നിലാവിന്റെ പൊന്നുപൂശി
പാതിമയങ്ങിയ കണ്ണില്‍
ആസക്തിയുടെ വശ്യമെഴുതി
ദംശനം കാത്തിരിക്കുന്ന
ഇരയെ അണലി കണ്ടു
അതിന് ചെങ്കീരിയുടെ രൂപമായിരുന്നു
വേട്ട പൂര്‍ത്തിയായി...

No comments:

Post a Comment

Say something to me