Friday 27 April 2012

അക്കില്ലസ്

 അക്കില്ലസ്


അക്കില്ലസ് ...
കത്തിയെരിയുന്ന ട്രോയ് നഗരത്തിലെ
ഇരുട്ട് തളംകെട്ടിയ നിലവറയില്‍
സ്പാര്‍ട്ടന്‍ സുന്ദരിയായ ഹെലനുവേണ്ടി
നീയെന്തിന് ഉപ്പൂറ്റിയില്‍ ശരമേറ്റുവാങ്ങി...

മൃത്യുവിനെ അതിജീവിക്കുവാന്‍
മരണനദിയായ സ്‌ റ്റിക്ക്സില്‍
നിന്നെ മുക്കിയെടുത്തപ്പോള്‍
കാല്‍പാദങ്ങള്‍ കൂടി നനയ്ക്കുവാന്‍
നിന്റെയമ്മ തെറ്റിസ് മറന്നതെന്തിന്...

ഇളയ സോദരന്റെ ചപലകാമത്തെ
സ്വന്തം ചുമലിലേറ്റിയ പോരാളി ഹെക്ടറിനെ
യാതൊരു കാരുണ്യവുമില്ലാതെ വധിച്ച്
നീയെന്തിന് ട്രോയ് നഗരത്തെ അനാഥമാക്കി...

തെറ്റിസ് പറഞ്ഞതെത്ര ശരി
യുദ്ധക്കളത്തിലിറങ്ങാതെ
സുന്ദരിയായ ഭാര്യയ്കൊപ്പം
സന്തുഷ്ടനായി ജീവിച്ചു മരിച്ച്
നിനക്ക് വിസ്മൃതിയില്‍ മറയാമായിരുന്നു...

പക്ഷെ ചരിത്രത്തിന്റെ ഏടുകളില്‍
നിന്റെ നാമം പതിയണമെങ്കില്‍
മരണനദി നനയ്ക്കാത്ത പാദത്തില്‍
കാലത്തിന്റെ വിഷംതീണ്ടിയ ശരം
നിനക്കേറ്റുവാങ്ങിയേപറ്റൂ...

അക്കില്ലസ് ...
നീയും നിസ്സഹായന്‍
ജയിക്കുന്നവര്‍ക്കും തോല്‍ക്കുന്നവര്‍ക്കുമിടയില്‍
ഒരുപ്പൂറ്റിയുടെ ചരിത്രമായി മാറിയ കോമാളി...

No comments:

Post a Comment

Say something to me