Monday 16 April 2012

മാഞ്ചുവട്ടില്‍ ...

മാഞ്ചുവട്ടില്‍ ...

മാവുകളെ പ്രണയിക്കുവാന്‍
മനുഷ്യനെന്തിന് മടിക്കുന്നു...
കണങ്കാലില്‍ മുക്കുറ്റിത്തൊങ്ങല്‍ ചാര്‍ത്തി
ചില്ലകളിലായിരം കിളിക്കൊഞ്ചലുയര്‍ത്തി
മീനച്ചൂടിനെ പൂക്കളാല്‍ തണുപ്പിച്ച്
പകലില്‍ വെയില്‍പ്പുള്ളികളുതിര്‍ത്തും
നിശയില്‍ നിലാവിന്റെ പൂക്കളം തീര്‍ത്തും...

തണലില്‍ തലചായ്ക്കും പ്രേമവായ്പ്പിന്
ദളമര്‍മരങ്ങളാല്‍ താരാട്ടുതീര്‍ത്തും
തറവാടിനുമേല്‍ തണുപ്പിന്റെ
നനുത്ത കംബളം വിരിച്ചും
ഇളംകാറ്റില്‍ ബാല്യകൌമാരങ്ങള്‍ക്കായ്
ഓര്‍മകളുടെ ഊഞ്ഞാല്‍ കെട്ടിയും
താരകങ്ങള്‍ക്കും പിന്‍നിലാവിനും താഴെ
ഋതുഭേദങ്ങളെ സ്നേഹത്താല്‍ പുണര്‍ന്ന്
എന്നുമാരെയോ കാത്തുനില്‍ക്കും തേന്മാവിനെ
പ്രണയിക്കുവാന്‍ മനുഷ്യനെന്തിന് മടിക്കുന്നു...

മാവുകള്‍ക്കുമുണ്ട് മനുഷ്യരെപ്പോലെ
സ്നേഹസ്പര്‍ശം കൊതിക്കുന്ന
ആത്മാവും ഹൃദയവുമെല്ലാം...
പ്രണയിച്ചാല്‍ മാവുകള്‍ പറഞ്ഞുതരും
നിശകളേയും നക്ഷത്രങ്ങളേയും
പൊന്നുരുക്കിയ നിലാവിനെയും
ചുടുനിശ്വാസങ്ങളുടെ ആഴങ്ങളെയും
ചൂഴ്‌ന്നുനില്‍ക്കുന്ന ഗൂഡരഹസ്യങ്ങള്‍ ...

ഇനി പ്രണയിക്കൂ, ചുരുങ്ങിയത്
ഒരു മാവിനെയെങ്കിലും...

No comments:

Post a Comment

Say something to me