Wednesday 11 April 2012

പാതിരാപ്പട്ടികള്‍

പാതിരാപ്പട്ടികള്‍

(കവിതയുടെ പേരിനു ഗൌതം മേനോന്റെ
'നടുനിസിനായ്ക്കള്‍ ' എന്ന സിനിമയോട് കടപ്പാട്)

രാവേറെയായ്
അദൃശ്യരായ തമോഗര്‍ത്തങ്ങള്‍
ഞങ്ങള്‍ക്കായ് മാത്രം മിഴി തുറക്കുന്നു

നിശയുടെ തെരുവില്‍
മധുചഷകങ്ങള്‍ നിരത്തി
നീലധൂമത്തിന്‍ നിലാവൊളി പരത്തി
യുക്തിയുടെ വേവലാതികളില്ലാത്ത
നൃത്തം തുടരവേ...

അധരരുധിരം നാവില്‍ നുണഞ്ഞ്
ആസുരവക്ഷസ്സിന്‍ വിയര്‍പ്പുനുകര്‍ന്ന്
അമൃതധാരാഭരിതം നാഭിയില്‍
സഹസ്രദളപത്മം വിരിഞ്ഞ്‌
രാത്രി നൃത്തം തുടരവേ
അദൃശ്യരായ തമോഗര്‍ത്തങ്ങള്‍
ഞങ്ങള്‍ക്കായ് മാത്രം മിഴി തുറക്കുന്നു...

ഇവിടെ പ്രണയത്തിന്റെ കനലുകളില്ല
ഇവിടെ ചിന്തയുടെ അലോസരമില്ല
ഇവിടെ ബന്ധങ്ങളുടെ ആന്ധ്യങ്ങളില്ല
ഇവിടെ കാലത്തിന്റെ വിലങ്ങുകളുമില്ല
ഉള്ളത്
സമയചഷകത്തിലെ
ശീതരക്തം മാത്രം...
ദിവസങ്ങളുടെ കണക്കുപുസ്തകത്തിലെ
ചുവന്നവരികള്‍ മാത്രം...

ക്ഷമിക്കൂ, ഞങ്ങള്‍
ജീവിതമെന്ന ചരടുകൊണ്ട്
സ്വയം ബന്ധിക്കാത്ത
പാതിരാപ്പട്ടികള്‍ മാത്രം...

No comments:

Post a Comment

Say something to me