Thursday 15 March 2012

കുന്നിക്കുരു

കുന്നിക്കുരു

അമരയിലകളുടെ മരതകപ്പച്ചയും
ജലപ്പോളകളുടെ നയനാര്‍ദ്രനീലയും
കണ്ണാന്തളിയുടെ ഉന്മത്തരാശിയും
കര്‍ണ്ണികാരത്തിന്റെ കനകശോഭയും
കുളിരായ് കണ്ണില്‍ പടരുമ്പോള്‍
ഒരു കുന്നായ്മപോലെ കുന്നിക്കുരുക്കുഞ്ഞേ
നിന്റെ സൂക്ഷ്മനയനമൂര്‍ച്ച...

നിന്റെ തീക്കുടുക്കമേനിയില്‍
കാലത്തിന്റെ കയ്യൊപ്പുപോലെ
പതിഞ്ഞിരിക്കുന്നതെന്താണ് ,
കലാപത്തിന്റെ കറുത്തപൊട്ടോ...

ചെവിപ്പാമ്പിന്റെ തീക്ഷ്ണനയനങ്ങളില്‍
നീയൊരു രോഷാഗ്നികണം
കരിയിലക്കിളിയുടെ കാതരമിഴിയില്‍
നീയൊരു പ്രണയസ്ഫുരണം
ഉച്ചനിലാവിന്റെ ദിവാസ്വപ്നങ്ങളില്‍ നീ
മഴവില്‍കൊടിയുടെ കണ്ണീര്‍ക്കണം...

തണുപ്പുറയുന്ന ഒറ്റയടിപ്പാതയില്‍
ഇളംകാറ്റിലൂയലാടും പച്ച
പട്ടുപാവാടയുടെ മൃദുനാസികയില്‍
നീയൊരു മൂക്കുത്തിയുടെ മിന്നലാട്ടം...

കുന്നിക്കുരുക്കുഞ്ഞേ
വെളിപാടിന്റെ മൂര്‍ത്തദൃഷ്ടിയാല്‍
ഞാനിപ്പോളറിയുന്നു
വേലിയിറമ്പുകളിലെ സാമ്രാജ്യത്തില്‍
നീയണിയുന്ന കറുത്തപൊട്ട്
കലാപത്തിന്റെ കുലചിഹ്നമല്ല, അത്
നിന്റെ കുന്നായ്മയുടെ കിരീടം മാത്രം.
നമിക്കട്ടെ നിന്നെ ഞാന്‍ ...

No comments:

Post a Comment

Say something to me