Showing posts with label triyugi. Show all posts
Showing posts with label triyugi. Show all posts

Friday, 30 March 2012

ഫോര്‍സ്ഡ് ബ്ലെസ്സിംഗ്

ഫോര്‍സ്ഡ് ബ്ലെസ്സിംഗ്

ഒരിക്കല്‍ കേദാര്‍നാഥില്‍നിന്നും ഞാന്‍ എന്റെ സുഹൃത്ത് മാത്തുക്കുട്ടിയുമൊത്ത് ത്രിയുഗി നാരായണ്‍ ക്ഷേത്രത്തിലേക്ക് യാത്രചെയ്തു. കേദാറില്‍നിന്നും സോനാ പ്രയാഗിലെത്തി അവിടെനിന്നു അഞ്ചു കിലോമീറ്റര്‍ വാനില്‍ യാത്രചെയ്താല്‍ ത്രിയുഗിക്ക് അരക്കിലോമീറ്റര്‍ ദൂരെയിറങ്ങാം. ഞങ്ങള്‍ ഹിമാലയന്‍ വനങ്ങള്‍ക്കിടയിലൂടെയുള്ള കുറുക്കുവഴിയിലൂടെ നടക്കുവാന്‍ തീരുമാനിച്ചു. അവിസ്മരണീയവും അമ്പരപ്പിക്കുന്നതുമായിരുന്നു ആ ട്രെക്കിംഗ്. അനാദിയായ മൌനം തങ്ങിനില്‍ക്കുന്ന ഹിമാലയന്‍ വനങ്ങളുടെ മനോഹാരിത വര്‍ണനാതീതമാണ്. ദേവതാരു വൃക്ഷങ്ങളാണ് കൂടുതലും. ഹിമാലയന്‍ മാര്‍റ്റെന്‍ എന്നറിയപ്പെടുന്ന ചെറുമുയലുകളും മോണാല്‍ ഫെസന്റ് എന്ന കാട്ടുകോഴിയും ധാരാളം. ഇടയ്ക്കിടെ ആട്ടിടയന്‍മാരുടെ ചെറുഗ്രാമങ്ങള്‍ . ചുരുങ്ങിയ ചിലവില്‍ ചപ്പാത്തി, ഉരുളക്കിഴങ്ങ്‌, പരിപ്പ് ഇവയടങ്ങിയ ലളിതമായ ഭക്ഷണം ആ ഗ്രാമങ്ങളില്‍ ലഭിക്കും. ആ വന്യതയെ നിശബ്ദമായി ആസ്വദിച്ചുനടന്ന് രണ്ടുമണിക്കൂര്‍കൊണ്ട് ഞങ്ങള്‍ ത്രിയുഗിയിലെത്തി.

ശിവപാര്‍വതിമാരുടെ പരിണയം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ത്രിയുഗി നാരായണ്‍ . ആ വിവാഹത്തിന് എണ്ണമറ്റ ദേവഗണങ്ങള്‍ അവിടെ ഒത്തു കൂടിയപ്പോള്‍ അവരുടെ ഭാരംകൊണ്ട് ഭാരതഖണ്ഡം താഴേക്കമര്‍ന്നുവെന്നും, അഗസ്ത്യമുനിയെ നമ്മുടെ അഗസ്ത്യകൂടത്തില്‍ കൊണ്ടുവന്നിരുത്തിയാണ് ആ അവസ്ഥ ബാലന്‍സ്‌ ചെയ്തതെന്നും ഒരു ഐതിഹ്യമുണ്ട്. അതിരിക്കട്ടെ...അനന്യമനോഹരമായ വനത്തിനരികില്‍ കേദാര്‍ പര്‍വതനിരകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ത്രിയുഗി ക്ഷേത്രം ഏതൊരു പ്രകൃതിസ്നേഹിയെയും ആഹ്ലാദചിത്തനാക്കും. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്. ഫോര്‍സ്ഡ് ബ്ലെസ്സിംഗ് അഥവാ ബലം പ്രയോഗിച്ച് അനുഗ്രഹം. സന്ദര്‍ശകര്‍ ആരെങ്കിലും വന്നാല്‍ അനുഗ്രഹിച്ച് ദക്ഷിണ വാങ്ങാതെ ത്രിയുഗിയിലെ സ്വാമിമാര്‍ വിടില്ല. ഞാനും ക്രുദ്ധനായ ഒരു സ്വാമിയും തമ്മിലുണ്ടായ സംവാദം ഇങ്ങനെയായിരുന്നു.

സ്വാമി: നില്‍ക്ക്...ഞാന്‍ അനുഗ്രഹിക്കട്ടെ...
ഞാന്‍ : ഞാന്‍ ചോദിച്ചില്ലല്ലോ അനുഗ്രഹം...
സ്വാമി: നിന്റെ അനുവാദമൊന്നും വേണ്ട, എന്റെ അനുഗ്രഹത്തിന്...
ഞാന്‍ : വേണ്ട സ്വാമീ...എന്നെ വിട്ടേക്ക്...
സ്വാമി: ഫ...നിക്കടാ അവിടെ...എന്റെ അനുഗ്രഹം വേണ്ടെന്നോ..ശംഭോ...
അതുപറഞ്ഞുകൊണ്ട് സ്വാമി കുറെ പൂക്കളും ചാരവും ചേര്‍ന്ന മിശ്രിതം എന്റെ തലയിലെക്കെറിഞ്ഞു.
ങ്ങും...ദക്ഷിണയെടുക്ക്..ചുവന്ന കണ്ണുരുട്ടി സ്വാമി കൈനീട്ടി. പേടിച്ചുപോയ ഞാന്‍ പത്തുരൂപ സ്വാമിയുടെ കയ്യില്‍ വെച്ചുകൊടുത്തു. ഇടംകണ്ണിട്ടു നോക്കിയപ്പോള്‍ കണ്ടത് മറ്റൊരു സ്വാമി കയ്യില്‍ പൂവുമായി മാത്തുക്കുട്ടിയെ ഓടിച്ചിടുന്നതാണ്.

ഒരു കണക്കിന് ഞങ്ങള്‍ ത്രിയുഗിയില്‍നിന്ന് തടിതപ്പി...