Showing posts with label rangaraj. Show all posts
Showing posts with label rangaraj. Show all posts

Tuesday, 6 March 2012

പോയിന്റ്‌ കാലിമീര്‍

പോയിന്റ്‌ കാലിമീര്‍

ബംഗാള്‍ ഉള്‍ക്കടലിനടുത്ത് എല്‍ .ടി.ടി.ഇ പുലികളുടെ ഇടത്താവളമായ ധനുഷ് ക്കോടിയില്‍നിന്നും മുപ്പതു കിലോമീറ്റര്‍ വടക്കാണ്‌ പക്ഷിസങ്കേതമായ പോയിന്റ്‌ കാലിമീര്‍ . ഇന്ത്യന്‍ നേവിയുടെ സൂക്ഷ്മനിരീക്ഷണത്തിലുള്ള സ്ഥലം. കണ്ടല്കാടുകളും കരിമ്പനകളും നിറഞ്ഞ നാനൂറെക്കര്‍ ചതുപ്പുനിലം. ലക്ഷക്കണക്കിന് പക്ഷികളാണ് അവിടെ എല്ലാ വര്‍ഷവും എത്തുന്നത്. രാജീവ്ഗാന്ധി വധിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനവിടെ ചെല്ലുന്നത്. മലയാളിയായ നേവി ഓഫീസര്‍ അലക്സ്‌ എന്റെ ബാഗെല്ലാം പരിശോധിച്ചു. ഞാന്‍ പുലിയാണോ എന്നറിയാന്‍ . പിന്നീട് ഞങ്ങള്‍ തമ്മില്‍ അടുത്തു. "സാധനമൊന്നുമില്ലേ..." അലക്സ്‌ ചോദിച്ചു. മദ്യം ഉണ്ടോ എന്നാണ് ചോദ്യം. ഞാന്‍ ഇല്ലെന്നു തലയാട്ടി. "ഡോണ്ട് വറി, യു വില്‍ ഗെറ്റ് ഇറ്റ്‌ ..." അലക്സ്‌ എനിക്കുറപ്പ് നല്‍കി. ഞാന്‍ എനിക്ക് അനുവദിച്ച ഓലക്കുടിലിലേക്ക് നടന്നു. തങ്ങുവാന്‍ അവിടെ മറ്റൊരിടവുമുണ്ടായിരുന്നില്ല.

രാത്രി ഒമ്പതോടെ ഒരു കുപ്പി മിലിട്ടറി റമ്മുമായി രംഗരാജ് എത്തി. ശരീരമാസകലം മുറിവുകളുടെ പാടുകള്‍ . കലങ്ങിച്ചുവന്ന കണ്ണുകള്‍ . അന്ന് രാത്രി എനിക്ക് കൂട്ടായി അലക്സ്‌ അയച്ച എന്റെ ഗൈഡ് ആണ് രംഗരാജ്. പോയിന്റ്‌ കാലിമീറില്‍ പൂര്‍ണചന്ദ്രന്റെ പാല്‍നിലാവിന് കീഴില്‍ സൈബീരിയന്‍ കൊക്കുകളെ സാക്ഷിനിര്‍ത്തി ഞാനും രംഗരാജും കുപ്പി പൊട്ടിച്ചു. ഉന്മത്തമായ ആ രാത്രിയുടെ സൌന്ദര്യം മതിയായിരുന്നു ഞങ്ങള്‍ക്ക് ടച്ചിങ്ങ്സായി. രംഗരാജ് നന്നായി കുടിച്ചു. " നീന്ഗ രാജീവ്ഗാന്ധി റൊമ്പ കൊടുമയാനവന്‍ ...പെട്ടന്നയാള്‍ പറഞ്ഞു...നിങ്ങളുടെ ഇന്ത്യന്‍ സമാധാനസേനയാണ് എന്നെ ഇങ്ങനെ ആക്കിയത്.." രംഗരാജിന്റെ നാവു കുഴയുന്നുണ്ടായിരുന്നു...

"നീയെന്തിനാണ്‌ ഇങ്ങനെ കുടിക്കുന്നത്. ഇപ്പോള്‍ തന്നെ ഓവരാണല്ലോ ..." ഞാന്‍ ചോദിച്ചു. "അണ്ണാ...ആത്മാവില്‍ ചിതയെരിയുമ്പോള്‍ എത്ര കുടിച്ചാലും ഫിറ്റാവില്ല. എന്റെ ആത്മാവിന് കിളിനോച്ചിയില്‍ വെച്ച് തീപിടിച്ചതാണ്.." പെട്ടെന്ന് രംഗരാജ് പൊട്ടിക്കരഞ്ഞു. പകലിനെ വെല്ലുന്ന നിലാവില്‍ വെള്ളിയുരുക്കിയൊഴിച്ചതുപോലെ അവന്റെ കവിളിലൂടെ കണ്ണീരൊഴുകി. പിന്നെ അല്പം ശാന്തനായി അവന്‍ പറഞ്ഞു. "കിളിനോച്ചിയിലെ കുഴിബോംബ് എന്റെ നാല് നന്‍പന്‍മാരെ എടുത്തു. ഈ കോലത്തില്‍ ഞാന്‍ ബാക്കിയായി...". എന്റെയുള്ളിലും ഒരു ബോംബ്‌ പൊട്ടി. രംഗരാജ് പഴയ എല്‍.ടി.ടി.ഇ ക്കാരനാണ് . എന്തുകൊണ്ട് അലക്സ്‌ എന്നോടത് പറഞ്ഞില്ല? ആവോ...പാതിരാത്രിയോടെ രംഗരാജ് ആടിയാടി നടന്നുമറഞ്ഞു.

പോയിന്റ്‌ കാലിമീറിലെ പഞ്ചാരമണ്ണില്‍ പിന്‍നിലാവെട്ടത്തില്‍ ഞാന്‍ മലര്‍ന്നുകിടന്നു. ചുറ്റും സൈബീരിയന്‍ കൊക്കുകളുടെ നിറുത്താത്ത കരച്ചില്‍ . വിദൂരസ്ഥമായ സൈബീരിയയെകുറിച്ചോര്‍ത്ത് അവയുടെ ആത്മാവിലും ചിതകള്‍ എരിയുന്നുണ്ടോ? ആര്‍ക്കറിയാം...