Showing posts with label kulappadavu. Show all posts
Showing posts with label kulappadavu. Show all posts

Saturday, 12 May 2012

നിഗൂഡം

നിഗൂഡം

പായല്‍പൊതിഞ്ഞ കുളപ്പടവുകള്‍ക്കാണ്
ഇളക്കമില്ലാത്ത ജലോപരിതലത്തിന്റെ
നിഗൂഡരഹസ്യങ്ങള്‍ കൂടുതലറിയാവുന്നത്...

ഉച്ചയുടെ നരച്ച നിശബ്ദതയില്‍
പക്ഷികള്‍ മയങ്ങും പകല്‍യാമത്തില്‍
കുളപ്പടവുകള്‍ കാതോര്‍ക്കും...
പടിയിറങ്ങിവവരും പദനിസ്വനങ്ങളുടെ
സമാശ്വസിപ്പിക്കുന്ന തലോടലിനായി...

സ്വേദകണങ്ങളുടെ സമാശ്ലേഷത്തില്‍
പിന്നെ കുളപ്പടവുകള്‍ മിഴിതുറക്കും,
ഇളംതെന്നലിലെ ഇലയനക്കം
ജലോപരിതലത്തില്‍ അലയിളക്കം
തീര്‍ക്കുന്നുണ്ടോയെന്നറിയുവാന്‍ ...

ഇല്ല, പദനിസ്വനങ്ങളും മെല്ലെയകന്നു
ഇനി മയങ്ങാം കുളപ്പടവുകള്‍ക്കും...

Wednesday, 11 April 2012

മയില്‍‌പ്പീലി

മയില്‍‌പ്പീലി

നീലശലഭങ്ങള്‍ നീര്‍മാതളത്തില്‍ ചേക്കേറിയ
മറ്റൊരു നരച്ച മദ്ധ്യാഹ്നത്തില്‍
നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍
പെറ്റുപെരുകുവാന്‍ പേജുകള്‍ക്കിടയില്‍
മയില്‍പീലികള്‍ കൂട്ടിവെച്ച നോട്ട്ബുക്കുമായി
രാജശ്രീ കുളപ്പടവിലിരുന്നു...

ഇമചിമ്മിത്തുറന്നപ്പോള്‍
കടന്നുപോയ പതിനഞ്ചുവര്‍ഷങ്ങള്‍
കണ്ണില്‍ നിറച്ച മധുരവുമായി
രാജശ്രീ നോട്ട്ബുക്ക് തുറന്നു...
കൃഷ്ണനീലമാര്‍ന്ന മയില്‍‌പീലിത്തുണ്ടുകള്‍
തണുത്തൊരു സ്വപ്നമായി
അവളുടെ
മിഴികളില്‍ നിറഞ്ഞു...

ശീതീക
രിക്കപ്പെട്ട അവളുടെ സ്വപ്നം
ഒരിക്കല്‍ നിലവറയിലെ ഇരുട്ടില്‍
നനവാര്‍ന്ന ചുണ്ടുകളിലമര്‍ന്ന
ചൂടേറിയൊരു ചുംബനത്തിന്റെ ഓര്‍മയില്‍
അല്‍പ്പാല്‍പ്പമായി അലിയാന്‍ തുടങ്ങി...

ഒടുവില്‍ അലിഞ്ഞൊഴിഞ്ഞ സ്വപ്നം
മറ്റൊരു മയില്‍പ്പീലിയായി
സ്വയം പെറ്റുപെരുകുവാന്‍
അവളുടെ നോട്ട്ബുക്കിലേക്ക് പാറി...

നിഴലും വെളിച്ചവും കഥകളിയാടുന്ന
മാവിന്‍ചില്ലകളിലേക്ക് നോക്കി
അടുത്തസ്വപ്നത്തിനു മിഴിയോര്‍ത്ത്
അവള്‍ കുളപ്പടവില്‍ കിടന്നു...
സന്ധ്യയും  വന്നണഞ്ഞു, പാവം രാജശ്രീ...