Showing posts with label chillujaalakam. Show all posts
Showing posts with label chillujaalakam. Show all posts

Thursday, 8 March 2012

ബാധ

കാണാമറയത്തുണ്ട് , ഇമചിമ്മാത്ത കണ്ണും
ദിശകളിലേക്ക് തുറന്നുവെച്ച കാതും
സ്ഥലകാലങ്ങളുടെ സൂക്ഷ്മഭേദങ്ങളെ
സദാ സ്പര്‍ശിച്ചറിയുന്ന ഇന്ദ്രിയങ്ങളുമായി
ബാധ...

വെയില്‍ കനത്ത പകലുകളില്‍
ഉരുകുന്ന ടാര്‍ റോഡിലൂടെ
മിഴികളില്‍ തീയായ് പടരും
കാനല്‍ജലത്തിന്റെ ചില്ലുജാലകങ്ങളെ
ചുടുനിശ്വാസം കൊണ്ട് വകഞ്ഞുമാറ്റി
ഉഷ്ണതിമിരമായ് ഒഴുകുമ്പോഴും...

ചിതയിലെരിയും പാരസ്പര്യത്തിന്റെ
ചിതലരിച്ച പട്ടച്ചരടില്‍
ആത്മതാപത്തിന്റെ പൊള്ളുന്ന കണ്ണികള്‍
കൊരുത്തുചേര്‍ക്കുന്ന വൃഥാശ്രമത്തിലും...

ആസുരപാഷാണനിര്‍വൃതി ലഹരിയായ്
അമൃതകുംഭത്തില്‍ നിറച്ച്
അത്താഴമേശക്കരികില്‍ വെറുമൊരു
പാതിരാച്ചിത്രമായ് മാറുമ്പോഴും...

നിശയുടെ നിഗൂഡയാമങ്ങളില്‍
ആത്മകോശങ്ങളില്‍ ആഴ്‌ന്നിറങ്ങുന്ന
അമ്ലംപോലെ പ്രണയാഗ്നി  
ചിന്തകളെ തിന്നുതീര്‍ക്കുമ്പോഴും ..

കാണാമറയത്തുണ്ട് ,
എന്റെ മറുപാതിയവന്‍ ,
അതോ അവളോ...ബാധ...